Saturday, 17 September 2016

എല്ലാമവരെടുത്തു ,അപ്പോഴും...

അവരെടുത്തെന്‍െറ കണ്ണനെ,
എന്‍ കാര്‍മുകില്‍ വര്‍ണ്ണനെ.
ചോര കിനിയുന്ന കണ്ണീരു വീഴുന്ന,
പേക്കൂത്തുകള്‍ക്കു സാക്ഷിയാവാന്‍.
ബാണവും ,വാളും ,കുന്തവും
ജയന്തിയായ്
കണ്ണനെ തെരുവില്‍ വലിച്ചിഴച്ചു.
പിന്നെ ദണ്ഡുമായവര്‍ കാവല്‍ നിന്നു.
അവരെടുത്തെന്‍െറ രാമനെ,
ശ്രീരാമനെ.
ദേവാലയമൊന്നു പൊളിച്ചു നീക്കി
കലാപങ്ങള്‍ക്കവര്‍ തീ കൊളുത്തി.
അരിഞ്ഞും എരിഞ്ഞും
എത്രയോ മനുഷ്യ ജീവന്‍.
അതും എന്‍െറ രാമന്‍െറ പേരില്‍ .
അവരെടുത്തെന്‍െറഗാന്ധിയെ,
രാഷ്ട്ര പിതാവിനെ.
കാഞ്ചിയില്‍ ചൂണ്ടു വിരലമര്‍ത്തി,
ഗോദ്സെ ,
ചുട്ടു തള്ളി ഗാന്ധിജിയെ.
മധുരം വിളമ്പിയാഘോഷിച്ചവര്‍,ഗോദ്സെക്കായ് അമ്പലങ്ങള്‍ തീര്‍ത്തു.
അവരെടുത്തെന്‍െറ ഗുരുവിനെ
ശ്രീ നാരായണനെ.
ഈഴവ ശിവനെ പ്രതിഷ്ടിച്ച ,
ധിക്കാരിയെ.
അവരെടുത്തു ധാബോല്‍ക്കറെ,
പന്‍സാരയെ ,കല്‍ബുര്‍ഗിയെ
പിന്നെ അക്‍ലാക്കിനെ.
അവരെടുത്തു ദേവാലയങ്ങള്‍,
വിദ്യാലയങ്ങള്‍,തെരുവോരങ്ങള്‍
ഓരോ സേനകള്‍ക്ക്, വാഴാന്‍ ഒരുക്കിക്കൊടുത്തു.
മരണത്തിന്‍ കാലൊച്ചകള്‍
മിന്നല്‍ പിണരു പോല്‍ ,
വാള്‍ത്തലപ്പുകള്‍.
ആര്‍ത്ത നാദങ്ങള്‍ അശാന്ത
തീരങ്ങള്‍.
അപ്പോഴും,
എരിയുന്നുണ്ട്
നേര്‍ത്തതെങ്കിലും,ഒരു
തീനാളം , ദളിതന്‍െറ രോഷം,
അങ്ങ് ദില്ലിയോളം.
ചത്ത് ചീഞ്ഞഴുകിയ പശുവിന്‍െറ
ദുര്‍ഗ്ഗന്ധം,
പരക്കുന്നുണ്ട് നാടാകെ .
തോല്‍ക്കില്ലെന്ന്
ഉറക്കെ പറഞ്ഞ് ,ഉയരുന്നുണ്ട്,
ചുരുട്ടിയ മുഷ്ടികള്‍ ,
ജെ എന്‍ യു വില്‍നിന്ന്.