അവരെടുത്തെന്‍െറ കണ്ണനെ,
എന്‍ കാര്‍മുകില്‍ വര്‍ണ്ണനെ.
ചോര കിനിയുന്ന കണ്ണീരു വീഴുന്ന,
പേക്കൂത്തുകള്‍ക്കു സാക്ഷിയാവാന്‍.
ബാണവും ,വാളും ,കുന്തവും
ജയന്തിയായ്
കണ്ണനെ തെരുവില്‍ വലിച്ചിഴച്ചു.
പിന്നെ ദണ്ഡുമായവര്‍ കാവല്‍ നിന്നു.
അവരെടുത്തെന്‍െറ രാമനെ,
ശ്രീരാമനെ.
ദേവാലയമൊന്നു പൊളിച്ചു നീക്കി
കലാപങ്ങള്‍ക്കവര്‍ തീ കൊളുത്തി.
അരിഞ്ഞും എരിഞ്ഞും
എത്രയോ മനുഷ്യ ജീവന്‍.
അതും എന്‍െറ രാമന്‍െറ പേരില്‍ .
അവരെടുത്തെന്‍െറഗാന്ധിയെ,
രാഷ്ട്ര പിതാവിനെ.
കാഞ്ചിയില്‍ ചൂണ്ടു വിരലമര്‍ത്തി,
ഗോദ്സെ ,
ചുട്ടു തള്ളി ഗാന്ധിജിയെ.
മധുരം വിളമ്പിയാഘോഷിച്ചവര്‍,ഗോദ്സെക്കായ് അമ്പലങ്ങള്‍ തീര്‍ത്തു.
അവരെടുത്തെന്‍െറ ഗുരുവിനെ
ശ്രീ നാരായണനെ.
ഈഴവ ശിവനെ പ്രതിഷ്ടിച്ച ,
ധിക്കാരിയെ.
അവരെടുത്തു ധാബോല്‍ക്കറെ,
പന്‍സാരയെ ,കല്‍ബുര്‍ഗിയെ
പിന്നെ അക്‍ലാക്കിനെ.
അവരെടുത്തു ദേവാലയങ്ങള്‍,
വിദ്യാലയങ്ങള്‍,തെരുവോരങ്ങള്‍
ഓരോ സേനകള്‍ക്ക്, വാഴാന്‍ ഒരുക്കിക്കൊടുത്തു.
മരണത്തിന്‍ കാലൊച്ചകള്‍
മിന്നല്‍ പിണരു പോല്‍ ,
വാള്‍ത്തലപ്പുകള്‍.
ആര്‍ത്ത നാദങ്ങള്‍ അശാന്ത
തീരങ്ങള്‍.
അപ്പോഴും,
എരിയുന്നുണ്ട്
നേര്‍ത്തതെങ്കിലും,ഒരു
തീനാളം , ദളിതന്‍െറ രോഷം,
അങ്ങ് ദില്ലിയോളം.
ചത്ത് ചീഞ്ഞഴുകിയ പശുവിന്‍െറ
ദുര്‍ഗ്ഗന്ധം,
പരക്കുന്നുണ്ട് നാടാകെ .
തോല്‍ക്കില്ലെന്ന്
ഉറക്കെ പറഞ്ഞ് ,ഉയരുന്നുണ്ട്,
ചുരുട്ടിയ മുഷ്ടികള്‍ ,
ജെ എന്‍ യു വില്‍നിന്ന്.
ഇരുള് വീഴുമ്പോള്‍ .
Saturday, 17 September 2016
എല്ലാമവരെടുത്തു ,അപ്പോഴും...
Friday, 3 June 2016
ശവങ്ങൾ പൂക്കുന്ന കാട് .
ഇരുൾ മൂടും കാലത്തിലാണ് ,
മരങ്ങളിലും ശവങ്ങൾ പൂക്കുന്നത്.
ശവങ്ങൾ പൂക്കുന്ന ഒരു കാട്.
നരഭോജികളുടെ നാട്.
Sunday, 6 March 2016
ഒളിച്ചോടുന്നവര്‍ .
മൌനത്തിന്‍െറ മാളങ്ങളില്‍
ഒളിച്ചിരിക്കാം ,
ഒന്നും കാണുന്നില്ലെന്നു കരുതി
കണ്ണടച്ചിരിക്കാം
ഒന്നും കേള്‍ക്കുന്നില്ലെന്നു
കരുതി സമാധാനിക്കാം
പക്ഷെ ,
ഉറക്കത്തില്‍ ഞെട്ടിത്തെറിച്ച്
ഒന്നുറങ്ങാന്‍ പോലുമാവാതെ
പന്‍സാരെയും ,ധാബോല്‍ക്കറും ,കലബുര്‍ഗിയും പരിഹസിക്കുന്നു .
മനുഷ്യരായി ജീവിക്കാന്‍ പോലും കഴിയാത്തിടത്ത് നിങ്ങളെങ്ങനെ
സ്വസ്ഥമായി ഉറങ്ങുന്നു ,
എന്ന് രോഹിത് വെമുലയുടെ
ചേതനയറ്റ ശരീരം .!
നാവറുക്കാന്‍ ,തലയറുക്കാന്‍
വിലനിശ്ചയിക്കുന്നു .
ഭയമാണോ ?
എത്രനാള്‍ .
ഈ മൌനം മരണ സമാനം .
Sunday, 7 February 2016
രാജി വെക്കില്ല.
ഇപ്പോള്‍ വളരെ ഉയരത്തിലാണ്
എല്ലാം കാണാന്‍ കഴിയുന്നുണ്ട് .
സ്വാര്‍ത്ഥതയുടെ കനലെരിയുന്ന
തീ കണ്ണുകള്‍
ഏതു വഴിയും അഴിമതിയിലേക്ക്
എന്തു മാര്‍ഗ്ഗവും സ്വീകരിക്കാം
പാറ്റൂര്‍ സോളാര്‍ ബാര്‍
അഴിമതിയില്‍ പുളയ്ക്കുന്ന
അനുചര വൃന്ദങ്ങള്‍
അരിഞ്ഞു വീഴ്ത്തുന്ന
എതിര്‍ ശബ്ദങ്ങള്‍
പുച്ഛിച്ചു തള്ളുന്ന ന്യായ വിധികള്‍
രക്തം ചിതറുന്ന പ്രതിഷേധങ്ങള്‍
കൂട്ടു നിൽക്കുന്ന വേട്ടപ്പട്ടികൾ
നിയമം നിയമത്തിന്‍െറ വഴിയേ
പോകുന്ന സ്വന്തം നിയമങ്ങള്‍
അഴിമതിയില്‍ അവസാനിക്കുന്ന
പാളയത്തിലെ പട
കയ്യിട്ടു വാരാന്‍ ഘടക കക്ഷികളുടെ
പിന്തുണ
പക്ഷേ എത്രനാള്‍
അധികാരവും അനുചര വൃന്ദങ്ങളും സ്വന്തം നിയമങ്ങളും
നഷ്ടമാവുന്ന ഒരു നാള്‍
എന്തായിരിക്കും ബാക്കി
ജനങ്ങള്‍ക്കു നടുവില്‍
ഉടുതുണി പോലുമില്ലാതെ
അയാളുറപ്പിച്ചു രാജിവെക്കില്ല.
Saturday, 23 January 2016
കവിത പൂക്കുന്ന കാട് .
കത്തുന്ന രോഷത്തിന്‍
കനലായി ,
പ്രതിരോധത്തിന്‍െറ ഉറച്ച ,വാക്കായിപ്രണയസുഗന്ധമായി ,
സ്വപ്ന നഷ്ടങ്ങളില്‍ വാടി
മിഴി നീരില്‍ നനഞ്ഞ്
വീണ്ടും തളിര്‍ത്ത്,
നിലാവായി ,ഇളം തെന്നലായി,
പിന്നെ ആര്‍ത്തലയ്ക്കുന്ന
തിരമാലകളായി,
കൊടുങ്കാറ്റായി,
കവിത പൂത്തു നില്‍ക്കുന്നു ,
കാടു നിറയെ .
Thursday, 21 January 2016
രോഹിത്,വിട.
നിന്നെ അറിയില്ല,
എന്നെപ്പോലെ പലര്‍ക്കും ,
ഒരു കര്‍ണ്ണപുടം
ഗുരുദക്ഷിണയായി മുറിച്ചെടുത്ത
ഒരു പെരുവിരല്‍,
അറുത്തെടുത്ത ഒരു ശിരസ്സ്,
രോഹിത്,
നീ പൊള്ളുന്ന ഒരു പ്രതീകം.
അപ്പൂപ്പന്‍ താടിയായി
ഭരണകൂട ഉമ്മാക്കികളില്‍
നീ പറന്നു പോകില്ല.
നീ സ്വപ്നം കണ്ട ആകാശം
ഇവിടെ ബാക്കിയാണ്.
ഞങ്ങളവസാനിച്ചാലും,
വരും തലമുറ അതേറ്റു വാങ്ങും .